തൊടുപുഴ: യുഡിഎഫ് സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര 15ന് ആരംഭിക്കാനിരിക്കെ ജില്ലയില്‍ ഇത് എത്രത്തോളം പ്രയോജനകരമാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം. ജില്ലയിലെ ഗ്രാമീണമേഖലകളിലെ പാതകളില്‍ കൂടുതലും സര്‍വീസ് നടത്തുന്നത് സ്വകാര്യ ബസുകളാണ്. കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ പൊതുവേ കുറവായതിനാലാണ് ജില്ലയില്‍ കൂടുതല്‍ യാത്രക്കാരും സ്വകാര്യബസുകളെ ആശ്രയിക്കുന്നത്.
ജില്ലയിലെ എട്ട് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്നായി ഓപ്പറേറ്റ് ചെയ്യുന്നത് ആകെ 205 സര്‍വീസുകളാണ്. ഇതില്‍ 114 എണ്ണം ഓര്‍ഡിനറി സര്‍വീസുകളാണ്.15 സര്‍വീസുകള്‍ കമ്പം, ബോഡി ഉള്‍പ്പെടെ തമിഴ്നാട്ടിലേയ്ക്കുള്ള അന്തര്‍സംസ്ഥാന സര്‍വീസുകളാണ്. കൂടാതെ ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളും ഉള്‍പ്പെടുന്നു.
തൊടുപുഴ, കുമളി ഡിപ്പോകളില്‍നിന്നാണ് കൂടുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തുന്നത്. ആകെ 49 സര്‍വീസുകളാണ് തൊടുപുഴയില്‍നിന്നും നടത്തുന്നത്. ഇതില്‍ 25 സര്‍വീസുകള്‍ ഓര്‍ഡിനറിയാണ്. ഇതില്‍ 17 സര്‍വീസുകളാണ് സാധാരണ ഓര്ഡിനറിയായിട്ടുള്ളത്. പട്ടയക്കുടി, ആനക്കയം, ചേലച്ചുവ്, ഉപ്പുകുന്ന് - പാറമട, വഴിത്തല-കൂത്താട്ടുകുളം, വൈക്കം, രാജാക്കാട് റൂട്ടുകളിലാണ് സര്‍വീസുകള്‍.
എട്ടു ബസുകള്‍ ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസുകളാണ്.
മൂലമറ്റം, ചെറുതോണി വഴി കട്ടപ്പനയ്ക്കും മറ്റും സര്‍വീസ് നടത്തുന്നത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ്. ജില്ലാ ആസ്ഥാനത്തേക്കും മറ്റുമുള്ള ഒട്ടേറെ സ്ത്രീകള്‍ ഈ ബസുകളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍, ഈ ബസില്‍ യാത്രാസൗജന്യം ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കുമളിയില്നിന്നുമുള്ള 25 ഓര്‍ഡിനറി ബസുകളില്‍ മൂന്നെണ്ണം തമിഴ് നാട്ടിലേക്കു സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന സര്‍വീസുകളാണ്. ഇതില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ലഭ്യമാകുമോയെന്ന ചോദ്യമുയരുന്നുണ്ട്. കുമളിയില്‍നിന്നു ഹ്രസ്വ, ദീര്‍ഘ ദൂരം ഉള്‍പ്പെടെ 48 സര്‍വീസുകളാണ് ആകെ ഓപ്പറേറ്റ് ചെയ്യുന്നത്.
ഹൈറേഞ്ചിലെ പ്രധാന ഡിപ്പോയായ കട്ടപ്പനയില്‍ ആകെയുള്ള 36 സര്‍വീസുകളില്‍10 ബസുകള്‍ സാധാരണ ഓര്‍ഡിനറിയും 12 എണ്ണം ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയുമാണ്. ഈരാറ്റുപേട്ട, കോട്ടയം റൂട്ടിലേക്കും കോഴിമലയ്ക്കും ഇവ സര്‍വീസ് നടത്തുന്നുണ്ട്. രണ്ട് അന്തര്‍സംസ്ഥാന ഓർഡിനറി സര്‍വീസുകളുമുണ്ട്. നെടുങ്കണ്ടത്തുനിന്ന് ആകെയുള്ള 17 സര്‍വീസുകളില്‍ നാലെണ്ണം മാത്രമാണ് ഓര്ഡിനറിയുള്ളത്. ഇതില്‍ത്തന്നെ രണ്ടെണ്ണം അന്തര്‍സംസ്ഥാന സര്‍വീസാണ്. ചെറുതോണിയില്‍നിന്ന് അഞ്ചു സര്‍വീസാണ് ആകെയുള്ളത്. അഞ്ചും ഓര്‍ഡിനറി സര്‍വീസാണ്.
മൂന്നാര്‍ ഡിപ്പോയില്‍നിന്ന് 32 സര്‍വീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 21 എണ്ണമാണ് ഓര്‍ഡിനറി. എട്ടെണ്ണം അന്തര്‍ സംസ്ഥാന സര്‍വീസാണ്. മൂലമറ്റത്ത് ആകെയുള്ള 18 സര്‍വീസില്‍ 12 എണ്ണം ഓര്‍ഡിനറിയാണ്. രണ്ടെണ്ണം ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസാണ്. വാഗമണ്‍ റൂട്ടിലും തൊടുപുഴ -മൂലമറ്റം റൂട്ടിലുമാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നത്.
ഇതേസമയം ലിമിറ്റഡ് സ്റ്റോപ്പിലും അന്തര്‍സംസ്ഥാന ബസുകളിലും സൗജന്യയാത്ര ലഭിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നില നില്‍ക്കുകയാണ്. ഈ ബസുകളില്‍കൂടി പൂര്‍ണമായും സൗജന്യ യാത്ര ഉറപ്പാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഇതിനിടെ കെഎസ്ആര്‍ടിസിയുടെ സൗജന്യയാത്രാ പ്രഖ്യാപനത്തിനെതിരേ സ്വകാര്യ ബസുടമകള്‍ രംഗത്തുവന്നിട്ടുണ്ട്. സ്വകാര്യബസുകള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ജില്ലയില്‍ ഈ പദ്ധതി സ്വകാര്യ വ്യവസായമേഖലയ്ക്കു കനത്ത തിരിച്ചടിയാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.